Saturday, March 26, 2011

ഭാഷയെ മറികടക്കുന്ന പാട്ടുകള്‍

അബൂദാബി നിവാസികള്‍ പഴയ പച്ച ടാക്സിയില്‍ കയറാത്തവരഅയി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഭൂരിപക്ഷം ടാക്സി ദ്രൈവര്‍മാരും പാക്കിസ്ഥാനിലെ പഷ്തൂന്‍‍ പവിശ്യയിലെ ആളുകളായിരുന്നു.  അങ്ങനെ മേല്പറഞ്ഞ ടാക്സിയില്‍ കയ്യറിയവര്‍ ഒരിക്കലെങ്കിലും ‍ പഷ്തൂന്‍ ഗോത്ര സഗീതത്തിനെ സുഖമറിയാതിരിക്കാനും വകയില്ല.  എഴുത്തും വായനംയുമാരിയില്ലെന്കിലും തന്റെ മധുരഗാംഭീര  ആലാപനത്തിലൂടെ പ്രശസ്തയായ സര്‍സാഗയുടെ ഒരു ഗാനം







കൂട്ടത്തില്‍ ഈ പുതിയതലമുറ ഗാനം കൂടി കേട്ടു നോക്കൂ




Saturday, February 27, 2010

ലളിത പാചകം :: മലയാള ആല്‍ബം കൂട്ടുകറി


ചേരുവകള്‍
1-അത്യാവശ്യം തടിയുള്ള ഒരു നായകന്‍
2-നായകന്റെ കൂട്ടുകാരായി ആരൊക്കെയുണ്ടോ അവരൊക്കെ(പോക്കറ്റില്‍ 10000/- രുപ നിര്‍ബന്ധം)
3-സുന്ദരിയായ നായിക
4-നിര്‍മാതാവു തന്നെയേഴുതിയ പാട്ട് (മുത്തേ, ഓമലേ, സഖീ, പ്രണയം.ഇഷ്ടം തുടങ്ങിയ വാ‍ാക്കുകല്‍ ഇഷ്ടം പോലെ കലക്കിയത് - ഇഗ്ലീഷ് വാക്കുകള്‍ പാകത്തിന് ചെര്‍ത്താല്‍ ഒരു വെസ്റ്റേണ്‍ ലുക്ക് കിട്ടും)
5-മാരുതി അല്‍ട്ടോ (സ്വിഫ്റ്റാണെങ്കില്‍ കേമം)
6-കളര്‍ കുട
7-10 ജോഡി ഡ്രസ്സ് ( 25 പോക്കറ്റുള്ള 2 പാന്റ് അടക്കം)
8-ഹൈവേയില്‍ നിന്ന് വാങ്ങിയ 5 കറൂത്ത കണ്ണട
തയ്യാറാക്കുന്ന വിധം
പാചകം എളുപ്പമാണു. തുടക്കവും അവസാനവും സ്ലോ മോഷനില്‍ കാമറയിട്ട് ഇളക്കണം. തോന്നുമ്പോഴൊക്ക്ക്കെ മേപ്പടി ചേരുവകള്‍ ചേര്‍ത്തു കൊടുക്കാം. 6 മിനുട്ട് പല ലോക്ക്ക്കേഷനുകളിട്ട് ഇളക്കി നല്ല ലേബലൊട്ടിച്ച സീഡിയില്‍ വിളംബാം. ചെലവായില്ലെങ്കിള്‍ യൂടൂബില്‍ അപ്ലൊഡ് ചെയ്യാം
NB: നാലാമത്തെ ചേരുവയില്‍ ‘മുഹബ്ബത്ത്, ഖല്‍ബ്, ഇഷ്ക്, പുന്നാരം കഷ്ണങ്ങള്‍ ‍ കൂടുതലുണ്ടെങ്കില്‍ ‘മാപ്പിള ആല്‍ബം’ എന്ന പേരിലാണ് അറിയപ്പെടുക
പാചകവിധം കണ്ടു മനസിലാക്കന്‍ ഈ വീഡിയോ ഉപകരിക്കും

Sunday, September 20, 2009

ചില നാടന്‍ പഴഞ്ചൊല്ലുകള്‍

രണ്ടു പഴഞ്ചൊല്ലുകള്‍ ഞാനാദ്യമായി കേള്‍ക്കുന്നത്
1- വെണ്ണീറില്‍ ഈയം പോയപോലെ
2 - കാക്കിലോ* ശര്‍ക്കര പോയാലും വേണ്ടില്ല പട്ടിടെ സ്വൊഭാവം അറിയാലോ
*കാക്കിലോ (1/4 kg)
* കടപ്പാട്: മാകുക്ക -ചാവക്കാട്

Monday, November 24, 2008

ചുവപ്പു റോസ് നഗരത്തിലെ കാഴ്ചകള്‍

ജോര്‍ദാനിലെ അമ്മാനില്‍ ഇറങ്ങുമ്പോള്‍ തലേന്നത്തെ നീണ്ട നടത്തത്തിന്റെയും ഉറക്കമിളച്ചതിന്റെയും ക്ഷീണം യാത്രയുടെ സുഖം ഇല്ലാതാക്കുമോ എന്ന് ചിന്തിക്കാതിരുന്നില്ല.യു. എ.ഇയിലെ ജൊര്‍ദാനിയന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞതനുസരിച്ച് അമ്മാന്‍ ടൌണിലെ സെവന്‍ത് സര്‍ക്കിളിനടുത്തുള്ളഷോപ്പിംഗ് സെന്‍റ്ററില്‍ എട്ടരയോടെ എത്താനായിരുന്നു പരിപാടി. അതുവരെയുള്ള സമയ എന്തുചെയ്യുമെന്നറിയാതെ കുറേ നേരം എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചുകൂട്ടി. ഊഷ്‌മാവ് ഒമ്പതില്‍ താഴെ. മാര്‍ച്ച് മാസത്തിലെ തണുപ്പിനെക്കുറിച്ക് നേരത്തേ അറിയാമായിരുന്നെങ്കിലും ഹാന്‍ട്ബാഗിന്റെ ഭാരം കുറക്കാനായി ഒഴിവാക്കിയതായിരുന്നു കമ്പിളി കുപ്പായം

രാവിലെ ഏഴുമണിക്കേ എയര്‍പോര്‍ട്ടില്‍നിന്ന് ടൌണിലേക്ക് ബസ്സുള്ളൂ.
ഏഴരയോടെ ടൌണിലെത്തി. തണുപ്പിന്‍ ഒന്നുകൂടി കനംവെച്ചപോലെ. കാറ്റുമുണ്ട്. ഷോപ്പിംഗ് സെന്റര്‍ തുറന്നിട്ടുണ്ടായിരുന്നില്ല. അവിടത്തെ സെക്യൂരിറ്റിക്കാരനോട് അറിയാവുന്നാ അറബിയില്‍ കുശലം പറയാന്‍ ശ്രമിച്ചു. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നോണം ഒഴിഞ്ഞ ഒരു കോണിലേക്ക് അയാള്‍ വിരല്‍ചൂണ്ടി. കാറ്റിനും തണുപ്പിനും അല്പം കുറവുണ്ടിവിടെ. ഫ്ളാസ്കില്‍ നിന്ന് മധുരമില്ലാത്ത തുര്‍ക്കി കോഫി അയാളെനിക്ക് തന്നു. അറേബ്യന്‍ ആതിഥേയത്വൊത്തിന്റെ ഊഷ്മളത.
എട്ടരയോടെ മുവഫ കാറുമായി വന്നു. കൂടെ വലീദുമുണ്ടായിരുന്നു. ഞങ്ങള്‍ മുവഫയുടെ പിതാവിന്റെ കടയിലേക്ക് പോയി. ചെറിയൊരു കട .പ്രധാനമായും കോഴിയിറച്ചിയാണ്‌ വില്പന.

യു. എ. ഇയിലെ എന്റെ സഹപ്രവര്‍ത്തകന്റെ അടുത്ത കൂട്ടുകാരനാണ് മുവഫ. അദ്ദേഹം വലീദിനെ പരിചരപ്പെടുത്തിത്തന്നു. വലീദിന്റെ കാറിലാണു പെട്രയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. അറബി മാത്രമറിയാവുന്ന വലീദുമായുള്ള ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാവണം മുവഫയുനെ സുഹ്രുത്ത് ഹുസാമും പെട്രയിലേക്ക് വരാമെന്നേറ്റത്. ഹുസാം നന്നായി ഇംഗ്ളീഷ് സംസാരിക്കും. ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിലും ഇവിടെ ഒരുകാലത്ത് വലിയ സമ്പന്നതയിലും പ്രൌഢിയിലും ജീവിച്ചയാളായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കും അല്ലാതെയും അയാള്‍ ഒരുപാട് രാജ്യങ്ങള്‍ സന്ദര്ശിച്ചിട്ടുണ്ട്. കൂട്ടത്തില്‍ കൊല്‍ക്കത്തയിലും വന്നിരുന്നു.

അമ്മാനില്‍നിന്ന് പെട്രയിലേക്കുള്ള 260 കിലോമീറ്റര്‍ യാത്രയില്‍ ജോര്‍ദാന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
ചെറുകുന്നുകളും മലമടക്കുകളും ചേര്‍ന്നതാണ്‌ അമ്മാന്റെ ഭൂപ്രക്ര്തി. അങ്ങിങ്ങ് പച്ചത്തുരുത്തുകള്‍. നഗരപ്രാന്തങ്ങളിലെ വീടുകള്‍ ആഢംബരപൂര്‍ണമല്ല. വീടുകള്‍ കൂടുതലും കുന്നിന്‍ചെരുവുകളിലാണ്. പ്രഭാതമായതുകൊണ്ടാവാം പൊതുവെ തെരുവുകള്‍ ശാന്തമാണ്. വഴിയില്‍ ചിലേടങ്ങളില്‍ പോലീസ് ചെക്ക്പോസ്റ്റുണ്ട്. മര്യാദ നിറഞ്ഞ ചില ചോദ്യങ്ങള്‍.

പെട്രയിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണശേഷം ഞങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാനായി പാസെടുത്തു. പ്രഭാതത്തിലേയും വൈകുന്നേരങ്ങളിലെയും സൂര്യകിരണമേല്‍ക്കുമ്പോള്‍ നഗരത്തിന്‌ ഇളംചുവപ്പ് നിറം കിട്ടുന്നതുകൊണ്ടാവാം നഗരത്തിനു 'ചുവപ്പ് റോസ് നഗരം' എന്ന പേരുകിട്ടിയത്
ജോര്‍ദാന്റെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായിരിക്കുന്നു പെട്ര.ഗ്രീക്ക് ഭാഷയില്‍ 'കല്ല്' എന്നര്‍ഥം വരുന്ന പെട്ര ഒരുപക്ഷേ, ലോകത്ത് അവശേഷിക്കുന്ന ഏറ്റവും പുരാതന നഗരാവശിഷ്ടങ്ങളിലൊന്നാണ്. 'ഇന്ത്യാന ജോണ്‍സ്' എന്ന സിനിമയിലൂടെ പെട്ര നഗരം പാശ്ചാത്യ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍പ്രചാരം നേടി.

2000 വര്‍ഷങ്ങള്‍ക്ക്മുമ്പ് ജോര്‍ദാന്റെ തെക്കന്‍പ്രദേശങ്ങളിലേക്ക് കുടിയേറിയ ദേശാടനതല്‍പരരായ നെബാറ്റിയന്‍ സമൂഹമായിരുന്നു ഈ നഗരത്തിന്റെ അവസാന പ്രതാപകാലങ്ങളില്‍ ഇവിടെ അധിവസിച്ചിരുന്നത്. ക്രമേണ അവര്‍ ദേശാടനമനോഭാവം ഉപേക്ഷിക്കുകയും ജോര്‍ദാനിലെ തെക്കന്‍ പ്രദേശങ്ങള്‍ ,പലസ്തീനിലെ നഖാബ് മരുഭൂമി, വടക്കന്‍ അറേബ്യ എന്നിവിടങ്ങളില്‍ സ്ഥിരംതാവളങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. റോമന്‍ പണ്ഡിതനായ 'സ്ട്രാബോ'യുടെ ലിഖിതങ്ങളില്‍ നിന്നു ലഭിച്ച പരിമിത അറിവേ ഈ സമൂഹത്തെക്കുറിച്ചുള്ളൂ. രാജഭരണമായിരുന്നെങ്കിലും ജനാധിപത്യത്തിന്റെ അടയാളങ്ങള്‍ അവരുടെ സമൂഹത്തില്‍ നിലനിന്നിരുന്നതായും അടിമസമ്പ്രദായം ഇല്ലയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പെട്രയുടെ സമ്പന്നമായ കാലങ്ങളില്‍ അറേബ്യന്‍, അസീറിയന്‍, ഈജിപ്ത്, ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെയും വ്യാപാരത്തിന്റെയും വിനിമയവേദിയായിരുന്നു ഇവിടം. വ്യാപാരത്തില്‍ നിപുണരായിരുന്ന ഈ സമൂഹം ഇന്ത്യ, ചൈന, ഈജിപ്ത്, റോം ഗ്രീസ്, തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ സ്വര്‍ണം, ചെമ്പ്, മ്ര്.ഗങ്ങള്‍ തുണിത്തരങ്ങള്‍ തുടങ്ങിയ സാധനങ്ങളായിരുന്നു കച്ചവടം ചെയ്തിരുന്നത്.

വിസ്മയിപ്പിക്കുന്ന വൈദഗ്ധ്യത്തോടെയും കലാചാതുരിയോടെയും മലഞ്ചെരുവുകളിലെ മണല്‍പാറകളില്‍ തീര്‍ത്ത ആരാധനാലയങ്ങള്‍, ശവകുടീരങ്ങള്‍, വീടുകള്‍, ആംഫി തിയ്യറ്റര്‍ എന്നിവയുടെ സമുച്ചയമാണു നഗരം. ഡാമുകളുടെയും കനാലുകളുടെയും അവശിഷ്ടങ്ങള്‍ അവരുടെ ജലവിഭവ വിനിയോഗ വൈദഗ്ധ്യത്തിന്റെ മാത്ര്കകളാണ്.
നേരത്തേ റോമക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം അവസാനത്തെ രാജാവ് റാബേല്‍ രണ്ടാമന്റെ മരണശേഷം റോമാക്കാര്‍ നഗരത്തിനുമേല്‍ അവകാശം ഉന്നയിക്കുകയും 'അറേബ്യ പെട്രിയ' എന്ന പേര്‍ നഗരത്തിനു കൊടുക്കുകയും ചെയ്തു. ഏകദേശം നാലാം നൂറ്റാണ്ടോടെ നെബാറ്റിയന്‍ സമൂഹം തലസ്ഥാനമായ പെട്ര ഉപേക്ഷിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഒഴിഞ്ഞുപോക്ക് സാവകാശമുള്ളതും തികച്ചും ആസൂത്രിതവുമായിരുന്നെന്ന് കരുതപ്പെടുന്നു.



747 ) ആണ്ടോടെ ഭൂചലനത്തില്‍ നഗരത്തിനു നാശനഷ്ട്ങ്ങളുണ്ടാവുകയും ക്രമേണ അറിയപ്പെടാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. പിന്നീട് ജെ. എല്‍. ബര്‍ക്കാര്ദ് എന്ന സ്വിസ് പര്യവേക്ഷകനാണു 1812 ല്‍ 'വാദിമൂസ' മലനിരകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഈനഗരത്തെ പുതുലോകത്തിനു പരിചയപ്പെടുത്തിയത്.
ഇരുവശങ്ങളിലുമായി 200 മീറ്ററിലധികം ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള വളഞ്ഞുതിരിഞ്ഞ വഴികളിലൂടെ നടന്നോ കുതിരവണ്ടിയിലോ നഗരത്തിലേക്ക് പോകാം. നഗരത്തിന്റെ മൊത്തം ചുറ്റളവ് 43 കിലോമീറ്ററോളം വരും. കവാടത്തില്‍ നിന്നും മുന്നോട്ടുനീങ്ങുമ്പോള്‍ നഗരത്തിലേക്ക് ജലമെത്തിച്ചിരുന്ന കനാലുകളും കളിമണ്‍പൈപ്പുകളും വശങ്ങളില്‍ കാണാം. ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടാല്‍ പെട്രയുടെ പ്രധാന ആകര്‍ഷണമായ 'അല്‍ഖസ്ന'(ഖജനാവ്) യുടെ കവാടത്തില്‍ എത്തിച്ചേരുന്നു.




40 മീറ്ററിലധികം ഉയരമുള്ള ഇതിന്റെ കവാടം മുഴുവനായും ഒറ്റ പാറക്കള്ളില്‍ കൊത്തിയെടുത്തതാണ്. അല്‍ഖസ്നയുടെ നിര്‍മാണം ഏകദേശം രണ്ടാം നൂറ്റാണ്ടിലാണെന്നു കകരുതപ്പെടുന്നു. വീണ്ടും വലത്തോട്ട് നടക്കുമ്പോള്‍ ഏഴായിരത്തോളം പേര്‍ക്കിരിക്കാവുന്ന ആംഫി തിയ്യറ്റര്‍, ഒന്നാം നൂറ്റണ്ടില്‍ റോമാക്കാര്‍ നിര്‍മിച്ചതായാണു കരുതപ്പെടുന്നത്. തിയറ്ററും കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ വിശാലമായ നഗരത്തിലെത്തിച്ചേരുന്നു.
മലനിരകളുടെ വശങ്ങളിലെ പാറകളില്‍ കൊത്തിയെടുത്ത നിരവധി വീടുകള്‍, ആരാധനാലയങ്ങള്‍ ശവകുടീരങ്ങള്‍ എന്നിവയുടെ നീണ്ട നിര. കുറച്ചകലെ മലമുകളിലേക്ക് നയിക്കുന്ന എണ്ണൂറു ചവിട്ടുപടികള്‍ കയറിയാല്‍ മറ്റൊരാകര്‍ഷണമായ 'അല്‍ദീര്‍' കവാടത്തില്‍ എത്താം. കൂറ്റന്‍പാറയില്‍തീര്‍ത്ത ഈ മന്ദിരം ആരാധനാലയമോ സന്യാസിമഠമോ ആയി ഉപയോഗിച്ചിരുന്നതായി കരുതുന്നു.




നാലരയോടെ ഞങ്ങള്‍ പെട്രയില്‍ നിന്ന് യാത്രതിരിച്ചു. ഇനിപോകേണ്ടത് ചാവുകടലിലേക്കാണ്. ഇരുട്ടുന്നതിനുമുമ്പ് അങ്ങെത്താനാവുമായിരുന്നില്ല. വിജനമായ വഴികള്‍. അങ്ങിങ്ങ് ചരക്കുകള്‍ കയറ്റിപ്പോകുന്ന ട്രക്കുകള്‍ മാത്രം. മലമടക്കുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന പാതകള്‍. ചാവുകടലെത്തുന്നതോടെ ഇടക്കിടെ പോലീസ് ചെക്ക്പോസ്റ്റുകളുണ്ട്.




തൊട്ടപ്പുറത്ത് കാണാവുന്ന ദൂരത്ത് ഇസ്രായേല്‍. ചാവുകടലിനു മീതെ സൂര്യന്‍ അസ്തമിക്കുന്ന മനോഹരമായ കാഴ്ച ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. ചാവുകടല്‍, ലോകത്തെ ഏറ്റവും ആഴം കുറഞ്ഞ കടല്‍. നീന്തലറിയാത്തവര്‍ക്കുപോലും വെറുതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാം. അത്രയ്ക്ക് കടുത്ത സാന്ദ്രതായാണ്‌ വെള്ളത്തിന്. വെള്ളം ഔഷധഗുണമുള്ളതാണെങ്കിലും ചാവുകടലില്‍ ജീവജാലങ്ങള്‍ക്ക് നിലനില്‍പില്ല

--------------------------------------------
കൂടുതല്‍ ചിത്രങ്ങള്‍ - വീഡിയോ
--------------------------------------------

(ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, April 03, 2008

പ്രിയപ്പെട്ട കേഎസ്സാര്‍ട്ടീസീ....


ചങ്ങരംകുളത്ത് നിന്നും ത്രിശൂര്‍ക്ക് പോകുമ്പോള്‍ ലവന്‍ നിര്ത്തുന്ന സ്ഥലം ക്യുത്യമായി കണ്ടു പിടിക്കാന്‍ ഒരു കണിയാനെയും കൂടെ കൂട്ടുന്നത് നന്നായിരിക്കുമെന്ന് തോന്നാറുണ്ട്.ഒരു നൂറു മീറ്ററിനുള്ളില്‍ എവിടെ ചവിട്ടുമെന്ന് കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ ഇതില്‍ കയറിപ്പറ്റാം.കൂടാതെ 100 മീറ്റര്‍ സ്പ്രിന്റില്‍ മികവുകാട്ടിയവര്‍ക്കും ഈസിയായി ഇതില്‍ കയറിപ്പറ്റാവുന്നതാണ്.എന്തായാലും കയറിപ്പറ്റിയാല്‍ എന്നെ സംബന്ധിച്ചിടത്തോളം പരമസുഖമാണ്. അരമുതല്‍ കാല്‍മുട്ടുവരെ ച്ചിരി നീളം കൂടിയതിനാല്‍ സുഖമായി KSRTC യില്‍ ഇരിക്കാം. പ്രൈവറ്റ് ബസ്സുകള്‍ക്ക് ലഗ് സ്പേസ് കുറവാണ് (Please note the point! - private bus operators).

പ്രൈവറ്റ് ബസ്സുകളെ പോലെ ‘നേരെ ത്യ് ശൂര്‍,നേരെ ത്യ് ശൂര്‍‘ ക്യാന്‍വാസിങ്ങില്ലത്തത് കൊണ്ടോ എന്തോ, ഒരു പാട് സ്ഥലം കാണും ഉള്ളില്‍. അങ്ങിങ്ങ് ഉറക്കം തൂങ്ങിക്കിടക്കുന്ന അഞ്ചോ പത്തോ ആളുകള്‍ . ഭീമാകാരമായ നിശബ്ദത. മൂന്നാള്‍ക്കിരിക്കാവുന്ന കാലി സീറ്റ് കണ്ട്പിടിച്ച്, നീ‍ണ്ട്നിവര്‍ന്നങ്ങനെയിരുന്ന്, നോക്കിയയിലെ ഒരു എമ്പീത്രീ പാട്ടും കേട്ട് സുഖയാത.


ഇനിയുള്ളൊരു ബേജാറ് കണ്ടക്ടര്‍ വന്നാല്‍ ടിക്കറ്റ് പൈസ ചില്ലറയായിക്കൊടുത്തില്ലെങ്കില്‍ അദ്ദേഹം മുഷിയും. അതോണ്ട് ഈ ഗവ: സേവകരെ വെറുപ്പിക്കല്ലേന്ന് കരുതി അവര്‍ക്കാവശ്യമായത്രയും ചില്ലറയും നോട്ടും കരുതി യാത്ര ചെയ്യാന്‍ ശ്രമിക്കാരുണ്ട്. എന്നാല്‍, ഈയിടെ കണ്ടക്ടര്‍മാരുടെ പെരുമാറ്റത്തില്‍ ചെറിയൊരു മാറ്റം വന്നമാതിരിയുണ്ട്. കുറച്ച് മയമുള്ള പെരുമാറ്റമുണ്ടിപ്പോള്‍. നമ്മടെ ഗവ: കസ്റ്റമര്‍ റിലേഷനില്‍ വല്ല ട്രയിനിങ്ങും തൊടങ്ങി‍ട്ടുണ്ടോ ആവോ.താത്കാലികക്കാരായ കുറെ ചെറുപ്പക്കാരുണ്ട്, കണ്ടിടത്തോളം നല്ല പെരുമാറ്റം. സമരമോ അല്ലെങ്കില്‍ മറ്റുകാരണങ്ങളാലോ ട്രിപ്പ് മുടങ്ങിയാല്‍ ഇവര്‍ക്ക് കൂലിയില്ലത്രെ. ഇതൊരു ന്യായക്കേട് തന്നെ.

മലബാറില്‍ നിന്ന് കുറെ പുതിയ സര്‍വീസുകള്‍ തുടങ്ങീട്ടുണ്ട്. ഈച്ചയാര്‍ക്കുന്ന ബസ് സ്റ്റേഷനുകള്‍ക്ക് പകരം വ്രുത്തിയുള്ള മൂത്രപ്പുരകളൊക്കെയുള്ള വന്‍കിട ഷോപ്പിങ് മാളുകളും വരുന്നുവെന്ന് കേള്‍ക്കുന്നു. വരും കാലങ്ങളില്‍ KSRTC യുടെ നഷ്ടക്കണക്കുകളൊക്കെ പഴംങ്കഥകളാകട്ടെ.

Monday, January 01, 2007

മുസന്തം പെനിന്‍സുല

മുസാണ്ടം കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

അബൂദാബിയില്‍ നിന്നും 300 കിലോമീറ്ററോളമുണ്ട് യു ഏ ഇ യിലെ ദിബ്ബ എന്ന സ്ഥലത്തേക്ക്.ദിബ്ബ പോര്‍ട്ടില്‍ നിന്നും ഉരു(dhow)വിലൂടെ ഈ മനോഹര തീരങ്ങളിലൂടെയുള്ള യാത്ര രസകരമാണു. വലിയ കെട്ടിടങ്ങളും മരുഭുമിയും കണ്ടു പരിചയിച്ചവര്‍ക്ക് തികച്ചും വിത്യസ്തമായ യാത്രാനുഭൂതിയാണ് ഒമാന്‍ പ്രവിശ്യയിലുള്ള മുസന്തം പെനിന്‍സുല നല്‍കുന്നത് .

Wednesday, November 22, 2006

മി, മൈസെല്‍ഫ് & മൈ ഈഗോ

വാടകക്കൂടുതല്‍, യാത്രാക്ലേശം,മൂട്ടശല്യം തുടങ്ങിയ കാരണങ്ങളാലും,മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ പരിഗണിച്ചും ഞാന്‍ പുതിയ ബാചിലര്‍ 'വീട്ടി'ലേക്ക്‌ താമസം മാറിയ കാലം. നാട്ടുകാരും കൂട്ടുകാരും അങ്ങനെയല്ലാത്തവരുമായി കുറെപേരുണ്ടിവിടെ.ജോലിക്ക്‌ ശേഷം, പ്രത്യാകിച്ച്‌ വിനോദ പരിപാടികളൊന്നുമില്ലാത്തതിനാല്‍ താമസസ്ഥലത്തുതന്നെ ഉറക്കവും, പിന്നെ സഹമുറിയന്മാരുണ്ടാക്കിത്തന്ന ചിക്കന്‍ കറി,ചിക്കന്‍ മസാല, ചിക്കെന്‍ ഫ്രൈ എന്നിവയെ കുറ്റം പറഞ്ഞാണെങ്കിലും മൂക്കുമുട്ടെത്തിന്ന് സുഖമായി വാണ കാലം.

ഇമാറാത്തിലുണ്ടായിരുന്ന എന്റെ പഴയകൂട്ടുകാര്‍, സ്കൂളിലും കോളേജിലും കൂടെ പടിച്ചിരുന്നവര്‍ ബന്ധുക്കള്‍ തുടങ്ങിയവരെ ഇടക്കിടെ ഫോണില്‍ വിളിച്ച്‌ എന്റെ ഒട്ടും മൂര്‍ച്ചയില്ലാത്ത കത്തി വെച്ച്‌ അവരെ പരമാവധി ബോറഡിപ്പിക്കല്‍ ഒരു ഹോബിയായി ഞാന്‍ സ്വീകരിച്ചിരുന്നു ആയിടക്ക്‌. ഒരു സിങ്ങ്ല് നാഷണല്‍ കമ്പനിയില്‍ കാര്യമായ എന്തോ ജോലിചെയ്തിരുന്ന നിയാസിനെ വിളിക്കാതിരിക്കാനും എന്റെ സഹ്രുതയത്വം എന്നെ അനുവദിച്ചില്ല.കുറെ നേരം ഞങ്ങള്‍ രണ്ടാളും ജോലിയുടെയും ശംബളത്തിന്റെയും വലിപ്പം പറഞ്ഞ്‌ മത്സരിച്ചു. ഒരുപാട്‌ തിരക്കിലാണെന്നും , സമയം കിട്ടുമ്പോള്‍ എന്നെ വന്നു കാണാമെന്നും അവന്‍ എന്നെ സമാശ്വസിപ്പിച്ചു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു ഒഴിവ്‌ ദിവസം അവന്‍ വന്നു. അവനെ സ്വീകരിക്കാനായി ഞാന്‍ പുറത്തിറങ്ങി നിന്നു. കുറച്ച്‌ പഴയെതെങ്കിലും 20 വര്‍ഷം മുന്‍പ്‌ റോഡുകളുടെ രോമാഞ്ചമായിരുന്ന ഒരു കാറില്‍ അവന്‍ വന്നിറങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല. വണ്ടിയില്‍ നിന്നും പ്രൗഡമായ ചുവടുവെപ്പുകളോടെ ഒരാള്‍ ഇറങ്ങി വരുന്നു. ഇത്‌ ഞാന്‍ പ്രതീക്ഷിക്കുന്ന ആളാവരുതേയെന്ന് മനസുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്റെ കുശുമ്പു നിറഞ്ഞ പ്രാര്‍ഥനകള്‍ എപ്പ്പ്പോഴും ദൈവം തള്ളിക്കളയുക പതിവായിരുന്നു. അവന്റെ വേഷവിധാനങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടിത്തരിച്ച്‌ നിന്നു.ഫുള്‍ സൂട്ടില്‍ അവനെയൊരു ബ.കു.കമ്പനിയുടെ സീയിയൊയെ പ്പോലെ തോന്നിച്ചു. മുഖത്തിന്റെ പകുതിഭാഗം മറക്കുന്ന ബ്ലാക്ക്‌ കണ്ണട. കയ്യില്‍ ലാപ്‌ ടോപ്‌ എന്നു തോന്നിക്കുന്ന ബാഗ്‌. മൊബെയിലില്‍ നിന്നും ചെവുട്ടിലേക്ക്‌ കൊടുത്ത കണക്ഷന്‍.യവനെ ഇങ്ങോട്ട്‌ ക്ഷണിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.

12ബൈ12 റൂമില്‍ ആറാളുകള്‍ തട്ടു തട്ടായിട്ടുള്ള കട്ടിലുകളില്‍,മത്സരിച്ച്‌ കീഴ്‌വായു വിട്ടും വെടിപറഞ്ഞും സസുഖം വാണരുളുന്ന ഞങ്ങളുടെ വാസസ്ഥലത്തേക്ക്‌ ഇദ്ധേഹത്തെ ക്ഷണിച്ചു വരുത്തേണ്ടിയിരുന്നില്ല.ഒഴിവുദിവസമായിട്ടും ഇവന്‍ ഈ വേഷത്തില്‍ വന്നെന്റെ മനസമാധാനം കളയാന്‍ ഞാന്‍ ഇവനോട്‌ മുങ്കാലത്ത്‌ വല്ല തെറ്റുകുറ്റങ്ങളും ചെയ്തിട്ടുണ്ടോ. ഉണ്ടാകണം!.പത്തുവര്‍ഷം പിന്നോട്ടുള്ള എന്റെ മെമൊറി പേജുകള്‍ ഞാന്‍ സ്പീഡില്‍ മറിച്ചുനോക്കി. ബന്ധുവിന്റെ എന്‍ഫീല്‍ഡ്‌ 'പ്പൊ കൊണ്ടരാം' ന്നു പറഞ്ഞ്‌ അതുമായി ചെത്തിനടന്നകാലത്ത്‌ ഓനിനിങ്ങനെ റോഡിലൂടെ വായിനോക്കി നടന്ന് പോകുന്നത്‌ കണ്ടിട്ടുണ്ട്‌. അക്സിലറേറ്റര്‍ പോട്ടാവുന്നത്രയും തിരിച്ച്‌ പിടിച്കു ഓനെ കണ്ട ഭാവം നടിക്കാതെ ഒന്ന് 'കിശ്‌ കിശ്‌' ഒച്ചയുണ്ടാക്കി ഒരു പോക്കായിരുന്നു അക്കാലത്ത്‌.എന്റെ മുന്‍ കാല പാപങ്ങള്‍ ലവന്‍ ഒാര്‍ക്കുന്നുണ്ടാവുമോ?.

ഹൊവ്‌ ആര്‍ യു മിസ്റ്റര്‍ ....(മൈ നെയിം). . ഐയാം ഫൈന്‍, റ്റൂ മച്ച്‌ ഫൈന്‍.ഒട്ടും മോശമാകരുതല്ലോ.ഞാന്‍ അറിയാവുന്ന ഇങ്ക്ലീഷില്‍ അടിച്ചുവിട്ടു.ഒരു എക്സിക്യൂട്ടീവിനു വേണ്ട ബോഡി ലാങ്ങ്വാജ്‌ കോഴ്സ്‌ ഇടക്ക്‌ വെച്ച്‌ നിര്‍ത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകള്‍ ഇടക്കിടെ ആക്ട്‌ ചെയ്യുന്നുണ്ടായിരുന്നു ഇദ്ധേഹം.അതിന്റെ ഭാഗമായി കണ്ണടയുടെ നടുമദ്ധ്യത്തില്‍ ഇടക്കിടെ വലത്തെ കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട്‌ മൃദുലമായി പുഷ്‌ ചെയ്തുകൊണ്ടിരുന്നു.ഞാനാണെങ്കില്‍ എന്റെ തനിമലയാളം, സോറി! തനിമലപ്പുറം സ്റ്റെയില്‍ മലയാളത്തില്‍ പരമാവധി എന്റെ മെമൊറിയിലെ ഇങ്ങ്ലീഷ്‌ ഡിക്ഷണറിയിലെ പദങ്ങള്‍ കേറ്റിക്കൊടുത്ത്‌ 'ടാ ഞാനും ചില്ലറക്കാരനല്ല' എന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും അവന്റെ മുന്‍പില്‍ ഞാന്‍ ഒരു ടോട്ടല്‍ പരാചയമാണെന്ന തിരിച്ചറിവ്‌ എന്നെ കൂടുതല്‍ വിയര്‍പ്പിച്ചു.

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. ഇനി ബുദ്ധിപൂര്‍വ്വം ഡീല്‍ ചെയ്യുക തന്നെ. ഞാന്‍ ഫുള്‍ കപ്പാസിറ്റിയില്‍ എന്റെ പുത്തി പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇവനെ എന്റെ വാസസ്ഥലത്ത്‌ കേറ്റാതെ ഒപ്പിക്കണം.ഓനവിടെ കേറിയാല്‍ എന്നെപ്പറ്റി അവന്റെ മനസിലുള്ള ഇമേജ്‌ ഇടിഞ്ഞ്‌ നിലം പരിശാകുമെന്നുറപ്പ്‌. ഞാനെന്റെ പോക്കറ്റിലേക്ക്‌ ഒന്നൂളിയിട്ട്‌ നോക്കി. കഷ്ടിച്ച്‌ രണ്ട്‌ മസാലദോശക്കുള്ള വക കാണും. ഈ കടുത്ത ചൂടില്‍ നിര്‍ത്തി അവനെയിങ്ങനെ ദ്രോഹിക്കുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഖ(!)നമാകും. കുറച്ച്‌ നടന്നാല്‍ ചെറിയൊരു പരിചയത്തിലുള്ളൊരാളുടെ കേരള സ്റ്റെയില്‍ ഫുട്‌ കിട്ടുന്നൊരു രസ്റ്റോരണ്ടുണ്ട്‌. അവിടെയാണെങ്കില്‍ കാശു തികഞ്ഞില്ലെങ്കില്‍ കടം പറയുകയും ചെയ്യാം.പക്ഷെ അങ്ങോട്ടുള്ള വഴിയില്‍ ഭീകരമായ ഒരു ഒബ്സ്റ്റാകുള്‍ ഉണ്ട്‌.ഒരു ബ.കു ഫാസ്റ്റ്‌ ഫുട്‌ ചൈയിനിന്റെ ഔട്‌ ലെറ്റ്‌.

എനിക്കാണെങ്കില്‍ ഈ മസാലദോശയും സമ്പാറും കാണുന്നതേ അലര്‍ജി. പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളീള്‍ വല്ലവനു പുല്ലും ആയുധം'(വല്ലഭന്‍ എന്നത്‌ എന്റെ കാര്യത്തില്‍ തീരെ യോജിക്കാത്തതായോണ്ട്‌ ഒഴിവാക്കിയതാണു) എന്ന പോലെ ഞാന്‍ മസാലദോശ ഒരു ആയുധമാക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ പതുക്കെ ഹോട്ടലിനു നേരെ നടത്തം ആരംഭിച്ചു. ഫാസ്റ്റ്‌ ഫുഡിനു മുന്‍പെത്താറായപ്പോള്‍ അവന്റെ ശ്രദ്ധ അങ്ങോട്ടെങ്ങാനും തിരിയാതിരിക്കാനായി ഞാന്‍ അവന്റെ അപ്പിയറന്‍സിനെപ്പറ്റി വാനോളം പുകഴ്ത്താന്‍ തുടങ്ങി.എന്റെ 'ആക്ക'ലില്‍ ഓനൊന്നുകൂടി വണ്ണം വെച്ചതല്ലതെ യാതൊരു കാര്യവുമുണ്ടായില്ല. എന്റെ ആ മാസത്തെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ, അതിന്റെ മുന്‍പിലെത്തിയതും സഡന്‍ ബ്രേക്കിട്ട പോലെ ഓന്‍ നിന്നു. അങ്ങോട്ട്‌ കേറാനാണു ഭാവം. ഞാന്‍ ഫാസ്റ്റ്‌ ഫുഡിന്റെ ദോഷങ്ങള്‍ ഒന്നൊന്നായി നിരത്താന്‍ തുടങ്ങി. 'ഇവരുടെ ഭക്ഷണത്തില്‍ മുഴുവന്‍ മോണോസോഡിയം ഗുള്‍ട്ടാമേറ്റാ'.എന്തു പറഞ്ഞിട്ടും കാര്യമില്ല.അവന്‍ നേരെ അങ്ങോട്ടു തന്നെ വലിഞ്ഞു കയറുകയാണു. അവന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ച്‌ മുന്‍പറഞ്ഞ റസ്റ്റോറന്റിലേക്ക്‌ കൊണ്ടുപോയാലോയെന്നുവരെ തോന്നിപ്പോയി.വല്ല സി ഐ ഡിമാരും കണ്ടാല്‍ ഉള്ളിലായാലോന്നൊരു പേടി. ഗള്‍ഫിലേ ഗോതമ്പുണ്ടക്കാണേങ്കില്‍ ഒട്ടും രുചിപോരാന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്‌.

ഓന്‍ കേറി കസേര പിടിച്ചു.അമേരിക്കക്കാരുടെ ചേരുവകളിട്ട്‌ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന മണം മൂക്കിലേക്കടിച്ചു കേറുകയാണു. 'ഐ ഡൊണ്ട്‌ ലൈക്‌ തിസ്‌ സ്മെല്‍'ഞാനൊരു ഹിമാലയന്‍ നുണ കാച്ചി.ആകെ അന്തിച്ച്‌ തുറിച്കിരുന്ന എന്റെ കണ്ണുകള്‍ അവിടുത്തെ ഒരു സപ്ലയ്ക്കാരി പിലിപിനോയുടെ മോന്തായത്തില്‍ ഉടക്കിനിന്നത്‌ സത്യമായിട്ടും മനപ്പൂര്‍വമായിരുന്നില്ല.അങ്ങനെയായിരുന്നെങ്കില്‍ അവളേക്കാല്‍ സുന്ദരികള്‍ അവിടെ വേറെ ഒരുപാടുണ്ടയിരുന്നുവല്ലോ തുറിച്ചുനോക്കാന്‍. അവള്‍ ഏതോ മുജ്ജന്മ പരിചയം പോലെ ഭവ്യതയോടെ എന്റടുത്തേക്ക്‌ തന്നെ വന്നു മെനുവുമായിട്ട്‌.ഞാന്‍ മെനുവില്‍ വല്ല റൈസ്‌ സൂപ്പും(കഞ്ഞി വെള്ളം)ഉണ്ടോന്ന് തിരയുകയായിരുന്നു.അവസാനം ഞാന്‍ അഞ്ചുദിര്‍ഹമില്‍ താഴെ വിലയുള്ള ഒരു സാധനം കണ്ടെത്തി, പേരു വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതിലേക്ക്‌ വിരല്‍ ചൂണ്ടി അത്‌ രണ്ട്‌ പ്ലേറ്റ്‌ പോരട്ടെയെന്നാഗ്യം കാണിച്ചു.അവളെന്തോ പിറുപിറുത്തു. മുഴുവനായി മനസിലായില്ലെങ്കിലും ഒരു കാര്യം വ്യക്തം. ഞാന്‍ ഒര്‍ഡര്‍ ചെയ്തത്‌ രാത്രിമെനുവിലെ ഏതോ ഐറ്റമായിരുന്നു.ഓന്‍ മെനു എന്റെ കയ്യില്‍നിന്നും തട്ടിപ്പറിച്ചു,വളരെ കൂളായിട്ട്‌ എന്തൊക്കെയോ ചടപടാന്ന് ഓര്‍ഡര്‍ കൊടുത്തു.ഇതിന്റെ ബില്ലൊക്കെ ആരു കൊടുക്കും? ഞാന്‍ കൊടുക്കുമോ, ഓന്‍ കൊടുക്കുമോ.ഫോര്‍മാലിറ്റിക്കെങ്കിലും വെറുക്കനെ ഒന്നെടുത്തുകാണിക്കാന്‍ പോക്കറ്റില്‍ അഞ്ചിന്റെ ഒരു മുഷിഞ്ഞ നോട്ടു മാത്രം.ഓനോട്‌ 'എക്സ്ക്യുസ്‌ മി' പറഞ്ഞ്‌ കുറച്ച്ങ്ങോട്ട്‌ മാറിനിന്നു തൊട്ടടുത്തു താമസിക്കുന്ന സുഹ്രുത്ത്‌ ബാബുവിനെ മൊബെയിലില്‍ വിളിച്ചു.അവനോട്‌ കുറച്ചു പണം പലിശക്കെടുത്തായാലും വേണ്ടീല്ല, സംഖ(!)ടിപ്പിച്ച്‌ പെട്ടെന്ന് ഈ ബില്‍ഡിങ്ങിന്റെ പിന്നില്‍ വരാന്‍ പറയാം .അങ്ങേത്തലക്കല്‍ പ്രായമായ ഒരു സ്ത്രീശബ്ദം.ഇത്‌ ബാബൂന്റെ ഉമ്മയല്ലേ? അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല ബാബൂന്റെ നാട്ടിലെ നമ്പറിലാണു അബദ്ധത്തില്‍ വിളിച്ചെതെന്നു തിരിച്ചറിയാന്‍. ഒരുമാസമായി മിസ്സ്‌ കാള്‍ അടിക്കാനായി നിധിപോലെ കൊണ്ടുനടന്നിരുന്ന മൊബെയിലിലെ 90 ഫില്‍സ്‌ അങ്ങനെ റ്റെലെഫോണ്‍ കമ്പനി നിര്‍ദാക്ഷിണ്ണ്യം അടിച്ചുമാറ്റി.ഇപ്പോള്‍ മൊബെയിലില്‍ സീറോ ബാലന്‍സ്‌.അപ്പോഴേക്കും ടേബിളില്‍ വിഭവങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.ഓന്‍ ഞാന്‍ വരാനായി കത്തിയും സ്പൂണും കയ്യില്‍ പിടിച്ച്‌ ഒരങ്കച്ചേകവന്‍ കണക്കെ കാത്തിരിക്കുകയായിരുന്നു.

ഞങ്ങള്‍ തീറ്റയാരംഭിച്ചു. 30 സെക്കന്റ്‌ കോണ്ട്‌ ഇതൊക്കെ അകത്താക്കാനുള്ള വെറി എനിക്കുണ്ടായിരുന്നെങ്കിലും ഞാന്‍ അത്മനിയന്ത്രണം പാലിച്ചു.അവസാനം ബില്ലു കൊടുക്കേണ്ട നിമിഷം വന്നെത്തി.പേ ചെയ്യേണ്ട കറക്റ്റ്‌ സമയം നോക്കി ഞാന്‍ ബാത്രൂം അന്വാഷണമാരംഭിച്ചു.തിരിച്ച്‌ വന്നു നോക്കുമ്പോഴേക്കും ബില്ലൊക്കെ പേ ചെയ്ത്‌ സുസ്മേരവദനനായി ഓന്‍ പുറത്ത്‌ നില്‍പുണ്ട്‌.ഏതായാലും കുറച്ച്‌ ടെന്‍ഷനടിച്ചെങ്കിലും നല്ലൊരു ബ്രേക്ക്‌ ഫാസ്റ്റ്‌ ഒത്തുകിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഒരു ലൈറ്റ്‌ പ്രഷര്‍ കൊടുത്ത്‌ ഓനെ 'വീട്ടി'ലേക്ക്‌ ഒന്ന് ക്ഷണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു മടിയും കൂടാതെ എന്റെ ക്ഷണം ഓന്‍ സ്വീകരിച്ചു. ലിഫ്റ്റുകളില്ലാത്ത ഞങ്ങളുടെ താമസസ്ഥലത്തേക്ക്‌ മൊത്തം മുപ്പത്‌ ചവിട്ടുപടികള്‍ കയറണമായിരുന്നു മൂന്നാം നിലയിലുള്ള എന്റെ വാസ സ്ഥലത്തെത്താന്‍. ഈ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞ്‌ ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഓന്‍ വരാന്‍ തന്നെ തീരുമാനിച്ചു.വാതില്‍ തുറന്ന് നിരന്ന് കിടക്കുന്ന ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയിലൂടെ ഞങ്ങള്‍ എന്റെ കൂടിനുള്ളിലേക്ക്‌ കയറി. ഞാനവനെ എന്റെ കട്ടിലില്‍ ആനയിച്ചിരുത്തി. മേലെയും ഒരു തട്ടുണ്ടായിരുന്നതിനാല്‍ അവന്‍ തലമുട്ടാതിരിക്കാന്‍ Z പോലെ ഇരുന്നു.സഹമുറിയന്മാരെ പരിചയപ്പെട്ടതിനു ശേഷം ഓന്റെ കമ്പനിയുടെ ആക്ടീവിറ്റീസിനെ പറ്റിയും അതില്‍ അവന്‍ വഹിക്കുന്ന പ്രധാന രോളിനെ പറ്റിയും, അര്‍ബാബിനു അവനോടുള്ള പ്രതിപത്തിയെ പറ്റിയും ഒരു നീണ്ട പ്രസംഗം തന്നെ തുടങ്ങി.ഇതെല്ലാം കേട്ട്‌ ഞാനും എന്റെ സഹമുറിയന്മാരും അന്തിച്ചിരുന്നു.

എന്റെ കോമ്പ്ലക്സ്‌ അതിന്റെ പാരമ്യതയിലേക്ക്‌ കുതിക്കുകയാണു.ഞാന്‍ കുലങ്കുഷമായി ചിന്തിക്കാന്‍ തുടങ്ങി. .അവസാനം അറ്റ കൈ പ്രയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഞങ്ങളുടെ കൂടെ വിസിറ്റ്‌ വിസയില്‍ വന്ന് ആറുമാസമായിട്ടും ജൊലിയൊന്നും തരപ്പെടാത്ത രണ്ടുപേരുണ്ടായിരുന്നു.അപ്പുറത്തെ റൂമുകളില്‍ സുഖനിദ്രയിലായിരുന്ന അവരെയൊക്കെ തട്ടിയുണര്‍ത്തി ലുങ്കിമുണ്ടും ബനിയനുമൊക്കെ ഇടീപ്പിച്ച്‌ സ്മാര്‍ട്ടാക്കി അവനവന്റെ സീ വി യുമായി നിയാസിനെ വന്നു കാണാന്‍ പറഞ്ഞു.വിവരമറിഞ്ഞ മറ്റുള്ളവര്‍ നാട്ടിലുള്ള മക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ പാസ്പോര്‍ട്ട്‌ കോപ്പികളുമായി നിയാസിനെ സമീപിക്കന്‍ തുടങ്ങി

.'സ്വന്തം കമ്പനിയിലെ കുറെയാളുകളെ പിരിച്ചു വിടേണ്ടിവരുമല്ലോ ഇവര്‍ക്കൊക്കെ ജോലി കൊടുക്കാന്‍' ഓന്‍ ഇങ്ങനെ ആത്മഗതം ചെയ്തുവോ? പന്തികേട്‌ മനസിലാക്കിയ എന്റെ സുഹ്രുത്ത്‌ വേഗം സ്ഥലം വിട്ടു. പിന്നെ കുറെ കാലം ഞാന്‍ അരെയും വിളിച്ച്‌ ശല്യം ചെയ്തില്ല.

Saturday, October 21, 2006

തട്ടുകട കീ ജയ്‌

തട്ടുകട കീ ജയ്‌

വഴിയോരത്തെ തട്ടുകടയില്‍ നിന്നും അഞ്ചു രൂപക്ക്‌ മൂക്കറ്റം തട്ടി ഒരു സിസ്സറും വാങ്ങി ഭാക്കി 50 പൈസ കടവും പറഞ്ഞ്‌ തിന്ന് മതിച്ചു നടന്ന കാലമുണ്ടായിരുന്നു .ഇപ്പോള്‍ തട്ടുകടകള്‍ക്കെതിരെ ഒരു ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ടത്രെ. ഹോട്ടല്‍ ലോബിയാണത്രെ ഇതിന്റെ പിന്നില്‍. അവരുടെ ബിസിനസിനെ ബാധിക്കുന്നു, തട്ടുകടക്കരുപയോഗിക്കുന്ന വെള്ളം പോരാ, ആകെ മൊത്തം വൃത്തിയും മെനയുമില്ല തുടങ്ങിയ ആരോപണങ്ങളാണു ഇവര്‍ക്കെതിരെ. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ തന്നെ തട്ടുകട മൊത്തമായി ഇല്ലാതാക്കി വേണൊ ഇതിനൊരു പരിഹാരം കാണാന്‍.സാദാകോളെജ്‌ മുതല്‍ മെടിക്കല്‍ കോളെജ്‌ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരു ആപീസുകള്‍, സിനിമാതിയ്യറ്റര്‍ തുടങ്ങി നാലാളു കൂടുന്നിടത്തൊക്കെ ഒരു തട്ടിക്കുട്ടു കട കാണാം. ചില്ലിട്ട 'വൃത്തിയും' ഭംഗിയുമുണ്ടെന്ന് പറയുന്ന ഹോട്ടലുകള്‍ക്ക്‌ മുന്നില്‍ പോക്കറ്റ്‌ തപ്പി നോക്കി അറച്ച്‌ നില്‍ക്കുന്ന സാധാരണക്കാരനു കഞ്ഞിയും പൂളയുമടിച്ച്‌ വിശപ്പ്‌ തീര്‍ക്കാന്‍ ആശ്രയം തട്ടുകട തന്നെ.

ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ടത്‌, അവര്‍ക്കാവശ്യമായ വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുക.മാലിന്യങ്ങള്‍ നീക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുക. വൃത്തിയും മെനയും രുചിയുമായി ഭക്ഷണം കൈകാര്യം ചെയ്യാന്‍ വേണ്ട പരിശീലന പരിപാടികള്‍ നടത്തുക എന്നിവയാണു.

ഏകദേശം 20000 ത്തോളം 'തട്ട്‌' കടക്കാരുണ്ടത്രെ ബാങ്കോക്കിലെ തെരുവുകളില്‍. നഗരവാസികളില്‍ നല്ലൊരുഭാഗം ഇവരുടെ ദിവസപ്പറ്റുകാരാണു,കൂടാതെ ടൂറിസ്റ്റുകളും. ടൂറിസ്റ്റുകള്‍ക്കാണെങ്കില്‍ ഇതൊരലസോരമല്ല, ആകര്‍ഷണമാണുതാനും. വൈകുന്നേരങ്ങളില്‍ ഫ്രഷ്‌ സീഫുഡിന്റെ മണമടിക്കുന്ന തെരുവുകളിലൂടെയുള്ള നടത്തം ഒരനുഭവം തന്നെ. ഇവിടെ സര്‍ക്കാര്‍ ഇവരെ ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത്‌, മറിച്ച്‌ ഇവരെക്കുറിച്ച്‌ പ0ഇക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ഈ തൊഴിലില്‍ അവര്‍ക്ക്‌ വേണ്ട പരിശീലന പരിപാടികള്‍ നല്‍കുകയും ചെയ്യുന്നു.


ബാങ്കോക്കിലെ തെരുവ്‌ ഭക്ഷണശാലകള്‍




കൂടുതലറിയാന്‍ ഈ ലിങ്കില്‍ ഞെക്കൂ
http://www.fao.org/docrep/W3699T/w3699t07.htm