രാവിലെ ഏഴുമണിക്കേ എയര്‍പോര്‍ട്ടില്‍നിന്ന് ടൌണിലേക്ക് ബസ്സുള്ളൂ.
ഏഴരയോടെ ടൌണിലെത്തി. തണുപ്പിന്‍ ഒന്നുകൂടി കനംവെച്ചപോലെ. കാറ്റുമുണ്ട്. ഷോപ്പിംഗ് സെന്റര്‍ തുറന്നിട്ടുണ്ടായിരുന്നില്ല. അവിടത്തെ സെക്യൂരിറ്റിക്കാരനോട് അറിയാവുന്നാ അറബിയില്‍ കുശലം പറയാന്‍ ശ്രമിച്ചു. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നോണം ഒഴിഞ്ഞ ഒരു കോണിലേക്ക് അയാള്‍ വിരല്‍ചൂണ്ടി. കാറ്റിനും തണുപ്പിനും അല്പം കുറവുണ്ടിവിടെ. ഫ്ളാസ്കില്‍ നിന്ന് മധുരമില്ലാത്ത തുര്‍ക്കി കോഫി അയാളെനിക്ക് തന്നു. അറേബ്യന്‍ ആതിഥേയത്വൊത്തിന്റെ ഊഷ്മളത.
എട്ടരയോടെ മുവഫ കാറുമായി വന്നു. കൂടെ വലീദുമുണ്ടായിരുന്നു. ഞങ്ങള്‍ മുവഫയുടെ പിതാവിന്റെ കടയിലേക്ക് പോയി. ചെറിയൊരു കട .പ്രധാനമായും കോഴിയിറച്ചിയാണ് വില്പന.
യു. എ. ഇയിലെ എന്റെ സഹപ്രവര്‍ത്തകന്റെ അടുത്ത കൂട്ടുകാരനാണ് മുവഫ. അദ്ദേഹം വലീദിനെ പരിചരപ്പെടുത്തിത്തന്നു. വലീദിന്റെ കാറിലാണു പെട്രയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. അറബി മാത്രമറിയാവുന്ന വലീദുമായുള്ള ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാവണം മുവഫയുനെ സുഹ്രുത്ത് ഹുസാമും പെട്രയിലേക്ക് വരാമെന്നേറ്റത്. ഹുസാം നന്നായി ഇംഗ്ളീഷ് സംസാരിക്കും. ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിലും ഇവിടെ ഒരുകാലത്ത് വലിയ സമ്പന്നതയിലും പ്രൌഢിയിലും ജീവിച്ചയാളായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കും അല്ലാതെയും അയാള്‍ ഒരുപാട് രാജ്യങ്ങള്‍ സന്ദര്ശിച്ചിട്ടുണ്ട്. കൂട്ടത്തില്‍ കൊല്‍ക്കത്തയിലും വന്നിരുന്നു.
അമ്മാനില്‍നിന്ന് പെട്രയിലേക്കുള്ള 260 കിലോമീറ്റര്‍ യാത്രയില്‍ ജോര്‍ദാന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
ചെറുകുന്നുകളും മലമടക്കുകളും ചേര്‍ന്നതാണ് അമ്മാന്റെ ഭൂപ്രക്ര്തി. അങ്ങിങ്ങ് പച്ചത്തുരുത്തുകള്‍. നഗരപ്രാന്തങ്ങളിലെ വീടുകള്‍ ആഢംബരപൂര്‍ണമല്ല. വീടുകള്‍ കൂടുതലും കുന്നിന്‍ചെരുവുകളിലാണ്. പ്രഭാതമായതുകൊണ്ടാവാം പൊതുവെ തെരുവുകള്‍ ശാന്തമാണ്. വഴിയില്‍ ചിലേടങ്ങളില്‍ പോലീസ് ചെക്ക്പോസ്റ്റുണ്ട്. മര്യാദ നിറഞ്ഞ ചില ചോദ്യങ്ങള്‍.
പെട്രയിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണശേഷം ഞങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാനായി പാസെടുത്തു. പ്രഭാതത്തിലേയും വൈകുന്നേരങ്ങളിലെയും സൂര്യകിരണമേല്‍ക്കുമ്പോള്‍ നഗരത്തിന് ഇളംചുവപ്പ് നിറം കിട്ടുന്നതുകൊണ്ടാവാം നഗരത്തിനു 'ചുവപ്പ് റോസ് നഗരം' എന്ന പേരുകിട്ടിയത്
ജോര്‍ദാന്റെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായിരിക്കുന്നു പെട്ര.ഗ്രീക്ക് ഭാഷയില്‍ 'കല്ല്' എന്നര്‍ഥം വരുന്ന പെട്ര ഒരുപക്ഷേ, ലോകത്ത് അവശേഷിക്കുന്ന ഏറ്റവും പുരാതന നഗരാവശിഷ്ടങ്ങളിലൊന്നാണ്. 'ഇന്ത്യാന ജോണ്‍സ്' എന്ന സിനിമയിലൂടെ പെട്ര നഗരം പാശ്ചാത്യ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍പ്രചാരം നേടി.
2000 വര്‍ഷങ്ങള്‍ക്ക്മുമ്പ് ജോര്‍ദാന്റെ തെക്കന്‍പ്രദേശങ്ങളിലേക്ക് കുടിയേറിയ ദേശാടനതല്‍പരരായ നെബാറ്റിയന്‍ സമൂഹമായിരുന്നു ഈ നഗരത്തിന്റെ അവസാന പ്രതാപകാലങ്ങളില്‍ ഇവിടെ അധിവസിച്ചിരുന്നത്. ക്രമേണ അവര്‍ ദേശാടനമനോഭാവം ഉപേക്ഷിക്കുകയും ജോര്‍ദാനിലെ തെക്കന്‍ പ്രദേശങ്ങള്‍ ,പലസ്തീനിലെ നഖാബ് മരുഭൂമി, വടക്കന്‍ അറേബ്യ എന്നിവിടങ്ങളില്‍ സ്ഥിരംതാവളങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. റോമന്‍ പണ്ഡിതനായ 'സ്ട്രാബോ'യുടെ ലിഖിതങ്ങളില്‍ നിന്നു ലഭിച്ച പരിമിത അറിവേ ഈ സമൂഹത്തെക്കുറിച്ചുള്ളൂ. രാജഭരണമായിരുന്നെങ്കിലും ജനാധിപത്യത്തിന്റെ അടയാളങ്ങള്‍ അവരുടെ സമൂഹത്തില്‍ നിലനിന്നിരുന്നതായും അടിമസമ്പ്രദായം ഇല്ലയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പെട്രയുടെ സമ്പന്നമായ കാലങ്ങളില്‍ അറേബ്യന്‍, അസീറിയന്‍, ഈജിപ്ത്, ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെയും വ്യാപാരത്തിന്റെയും വിനിമയവേദിയായിരുന്നു ഇവിടം. വ്യാപാരത്തില്‍ നിപുണരായിരുന്ന ഈ സമൂഹം ഇന്ത്യ, ചൈന, ഈജിപ്ത്, റോം ഗ്രീസ്, തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ സ്വര്‍ണം, ചെമ്പ്, മ്ര്.ഗങ്ങള്‍ തുണിത്തരങ്ങള്‍ തുടങ്ങിയ സാധനങ്ങളായിരുന്നു കച്ചവടം ചെയ്തിരുന്നത്.
വിസ്മയിപ്പിക്കുന്ന വൈദഗ്ധ്യത്തോടെയും കലാചാതുരിയോടെയും മലഞ്ചെരുവുകളിലെ മണല്‍പാറകളില്‍ തീര്‍ത്ത ആരാധനാലയങ്ങള്‍, ശവകുടീരങ്ങള്‍, വീടുകള്‍, ആംഫി തിയ്യറ്റര്‍ എന്നിവയുടെ സമുച്ചയമാണു നഗരം. ഡാമുകളുടെയും കനാലുകളുടെയും അവശിഷ്ടങ്ങള്‍ അവരുടെ ജലവിഭവ വിനിയോഗ വൈദഗ്ധ്യത്തിന്റെ മാത്ര്കകളാണ്.
നേരത്തേ റോമക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം അവസാനത്തെ രാജാവ് റാബേല്‍ രണ്ടാമന്റെ മരണശേഷം റോമാക്കാര്‍ നഗരത്തിനുമേല്‍ അവകാശം ഉന്നയിക്കുകയും 'അറേബ്യ പെട്രിയ' എന്ന പേര്‍ നഗരത്തിനു കൊടുക്കുകയും ചെയ്തു. ഏകദേശം നാലാം നൂറ്റാണ്ടോടെ നെബാറ്റിയന്‍ സമൂഹം തലസ്ഥാനമായ പെട്ര ഉപേക്ഷിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഒഴിഞ്ഞുപോക്ക് സാവകാശമുള്ളതും തികച്ചും ആസൂത്രിതവുമായിരുന്നെന്ന് കരുതപ്പെടുന്നു.
747 ) ആണ്ടോടെ ഭൂചലനത്തില്‍ നഗരത്തിനു നാശനഷ്ട്ങ്ങളുണ്ടാവുകയും ക്രമേണ അറിയപ്പെടാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. പിന്നീട് ജെ. എല്‍. ബര്‍ക്കാര്ദ് എന്ന സ്വിസ് പര്യവേക്ഷകനാണു 1812 ല്‍ 'വാദിമൂസ' മലനിരകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഈനഗരത്തെ പുതുലോകത്തിനു പരിചയപ്പെടുത്തിയത്.
ഇരുവശങ്ങളിലുമായി 200 മീറ്ററിലധികം ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള വളഞ്ഞുതിരിഞ്ഞ വഴികളിലൂടെ നടന്നോ കുതിരവണ്ടിയിലോ നഗരത്തിലേക്ക് പോകാം. നഗരത്തിന്റെ മൊത്തം ചുറ്റളവ് 43 കിലോമീറ്ററോളം വരും. കവാടത്തില്‍ നിന്നും മുന്നോട്ടുനീങ്ങുമ്പോള്‍ നഗരത്തിലേക്ക് ജലമെത്തിച്ചിരുന്ന കനാലുകളും കളിമണ്‍പൈപ്പുകളും വശങ്ങളില്‍ കാണാം. ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടാല്‍ പെട്രയുടെ പ്രധാന ആകര്‍ഷണമായ 'അല്‍ഖസ്ന'(ഖജനാവ്) യുടെ കവാടത്തില്‍ എത്തിച്ചേരുന്നു.
40 മീറ്ററിലധികം ഉയരമുള്ള ഇതിന്റെ കവാടം മുഴുവനായും ഒറ്റ പാറക്കള്ളില്‍ കൊത്തിയെടുത്തതാണ്. അല്‍ഖസ്നയുടെ നിര്‍മാണം ഏകദേശം രണ്ടാം നൂറ്റാണ്ടിലാണെന്നു കകരുതപ്പെടുന്നു. വീണ്ടും വലത്തോട്ട് നടക്കുമ്പോള്‍ ഏഴായിരത്തോളം പേര്‍ക്കിരിക്കാവുന്ന ആംഫി തിയ്യറ്റര്‍, ഒന്നാം നൂറ്റണ്ടില്‍ റോമാക്കാര്‍ നിര്‍മിച്ചതായാണു കരുതപ്പെടുന്നത്. തിയറ്ററും കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ വിശാലമായ നഗരത്തിലെത്തിച്ചേരുന്നു.
മലനിരകളുടെ വശങ്ങളിലെ പാറകളില്‍ കൊത്തിയെടുത്ത നിരവധി വീടുകള്‍, ആരാധനാലയങ്ങള്‍ ശവകുടീരങ്ങള്‍ എന്നിവയുടെ നീണ്ട നിര. കുറച്ചകലെ മലമുകളിലേക്ക് നയിക്കുന്ന എണ്ണൂറു ചവിട്ടുപടികള്‍ കയറിയാല്‍ മറ്റൊരാകര്‍ഷണമായ 'അല്‍ദീര്‍' കവാടത്തില്‍ എത്താം. കൂറ്റന്‍പാറയില്‍തീര്‍ത്ത ഈ മന്ദിരം ആരാധനാലയമോ സന്യാസിമഠമോ ആയി ഉപയോഗിച്ചിരുന്നതായി കരുതുന്നു.
നാലരയോടെ ഞങ്ങള്‍ പെട്രയില്‍ നിന്ന് യാത്രതിരിച്ചു. ഇനിപോകേണ്ടത് ചാവുകടലിലേക്കാണ്. ഇരുട്ടുന്നതിനുമുമ്പ് അങ്ങെത്താനാവുമായിരുന്നില്ല. വിജനമായ വഴികള്‍. അങ്ങിങ്ങ് ചരക്കുകള്‍ കയറ്റിപ്പോകുന്ന ട്രക്കുകള്‍ മാത്രം. മലമടക്കുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന പാതകള്‍. ചാവുകടലെത്തുന്നതോടെ ഇടക്കിടെ പോലീസ് ചെക്ക്പോസ്റ്റുകളുണ്ട്.
തൊട്ടപ്പുറത്ത് കാണാവുന്ന ദൂരത്ത് ഇസ്രായേല്‍. ചാവുകടലിനു മീതെ സൂര്യന്‍ അസ്തമിക്കുന്ന മനോഹരമായ കാഴ്ച ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. ചാവുകടല്‍, ലോകത്തെ ഏറ്റവും ആഴം കുറഞ്ഞ കടല്‍. നീന്തലറിയാത്തവര്‍ക്കുപോലും വെറുതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാം. അത്രയ്ക്ക് കടുത്ത സാന്ദ്രതായാണ് വെള്ളത്തിന്. വെള്ളം ഔഷധഗുണമുള്ളതാണെങ്കിലും ചാവുകടലില്‍ ജീവജാലങ്ങള്‍ക്ക് നിലനില്‍പില്ല
--------------------------------------------
കൂടുതല്‍ ചിത്രങ്ങള്‍ - വീഡിയോ
--------------------------------------------
(ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)