Wednesday, November 22, 2006

മി, മൈസെല്‍ഫ് & മൈ ഈഗോ

വാടകക്കൂടുതല്‍, യാത്രാക്ലേശം,മൂട്ടശല്യം തുടങ്ങിയ കാരണങ്ങളാലും,മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ പരിഗണിച്ചും ഞാന്‍ പുതിയ ബാചിലര്‍ 'വീട്ടി'ലേക്ക്‌ താമസം മാറിയ കാലം. നാട്ടുകാരും കൂട്ടുകാരും അങ്ങനെയല്ലാത്തവരുമായി കുറെപേരുണ്ടിവിടെ.ജോലിക്ക്‌ ശേഷം, പ്രത്യാകിച്ച്‌ വിനോദ പരിപാടികളൊന്നുമില്ലാത്തതിനാല്‍ താമസസ്ഥലത്തുതന്നെ ഉറക്കവും, പിന്നെ സഹമുറിയന്മാരുണ്ടാക്കിത്തന്ന ചിക്കന്‍ കറി,ചിക്കന്‍ മസാല, ചിക്കെന്‍ ഫ്രൈ എന്നിവയെ കുറ്റം പറഞ്ഞാണെങ്കിലും മൂക്കുമുട്ടെത്തിന്ന് സുഖമായി വാണ കാലം.

ഇമാറാത്തിലുണ്ടായിരുന്ന എന്റെ പഴയകൂട്ടുകാര്‍, സ്കൂളിലും കോളേജിലും കൂടെ പടിച്ചിരുന്നവര്‍ ബന്ധുക്കള്‍ തുടങ്ങിയവരെ ഇടക്കിടെ ഫോണില്‍ വിളിച്ച്‌ എന്റെ ഒട്ടും മൂര്‍ച്ചയില്ലാത്ത കത്തി വെച്ച്‌ അവരെ പരമാവധി ബോറഡിപ്പിക്കല്‍ ഒരു ഹോബിയായി ഞാന്‍ സ്വീകരിച്ചിരുന്നു ആയിടക്ക്‌. ഒരു സിങ്ങ്ല് നാഷണല്‍ കമ്പനിയില്‍ കാര്യമായ എന്തോ ജോലിചെയ്തിരുന്ന നിയാസിനെ വിളിക്കാതിരിക്കാനും എന്റെ സഹ്രുതയത്വം എന്നെ അനുവദിച്ചില്ല.കുറെ നേരം ഞങ്ങള്‍ രണ്ടാളും ജോലിയുടെയും ശംബളത്തിന്റെയും വലിപ്പം പറഞ്ഞ്‌ മത്സരിച്ചു. ഒരുപാട്‌ തിരക്കിലാണെന്നും , സമയം കിട്ടുമ്പോള്‍ എന്നെ വന്നു കാണാമെന്നും അവന്‍ എന്നെ സമാശ്വസിപ്പിച്ചു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു ഒഴിവ്‌ ദിവസം അവന്‍ വന്നു. അവനെ സ്വീകരിക്കാനായി ഞാന്‍ പുറത്തിറങ്ങി നിന്നു. കുറച്ച്‌ പഴയെതെങ്കിലും 20 വര്‍ഷം മുന്‍പ്‌ റോഡുകളുടെ രോമാഞ്ചമായിരുന്ന ഒരു കാറില്‍ അവന്‍ വന്നിറങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല. വണ്ടിയില്‍ നിന്നും പ്രൗഡമായ ചുവടുവെപ്പുകളോടെ ഒരാള്‍ ഇറങ്ങി വരുന്നു. ഇത്‌ ഞാന്‍ പ്രതീക്ഷിക്കുന്ന ആളാവരുതേയെന്ന് മനസുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്റെ കുശുമ്പു നിറഞ്ഞ പ്രാര്‍ഥനകള്‍ എപ്പ്പ്പോഴും ദൈവം തള്ളിക്കളയുക പതിവായിരുന്നു. അവന്റെ വേഷവിധാനങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടിത്തരിച്ച്‌ നിന്നു.ഫുള്‍ സൂട്ടില്‍ അവനെയൊരു ബ.കു.കമ്പനിയുടെ സീയിയൊയെ പ്പോലെ തോന്നിച്ചു. മുഖത്തിന്റെ പകുതിഭാഗം മറക്കുന്ന ബ്ലാക്ക്‌ കണ്ണട. കയ്യില്‍ ലാപ്‌ ടോപ്‌ എന്നു തോന്നിക്കുന്ന ബാഗ്‌. മൊബെയിലില്‍ നിന്നും ചെവുട്ടിലേക്ക്‌ കൊടുത്ത കണക്ഷന്‍.യവനെ ഇങ്ങോട്ട്‌ ക്ഷണിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.

12ബൈ12 റൂമില്‍ ആറാളുകള്‍ തട്ടു തട്ടായിട്ടുള്ള കട്ടിലുകളില്‍,മത്സരിച്ച്‌ കീഴ്‌വായു വിട്ടും വെടിപറഞ്ഞും സസുഖം വാണരുളുന്ന ഞങ്ങളുടെ വാസസ്ഥലത്തേക്ക്‌ ഇദ്ധേഹത്തെ ക്ഷണിച്ചു വരുത്തേണ്ടിയിരുന്നില്ല.ഒഴിവുദിവസമായിട്ടും ഇവന്‍ ഈ വേഷത്തില്‍ വന്നെന്റെ മനസമാധാനം കളയാന്‍ ഞാന്‍ ഇവനോട്‌ മുങ്കാലത്ത്‌ വല്ല തെറ്റുകുറ്റങ്ങളും ചെയ്തിട്ടുണ്ടോ. ഉണ്ടാകണം!.പത്തുവര്‍ഷം പിന്നോട്ടുള്ള എന്റെ മെമൊറി പേജുകള്‍ ഞാന്‍ സ്പീഡില്‍ മറിച്ചുനോക്കി. ബന്ധുവിന്റെ എന്‍ഫീല്‍ഡ്‌ 'പ്പൊ കൊണ്ടരാം' ന്നു പറഞ്ഞ്‌ അതുമായി ചെത്തിനടന്നകാലത്ത്‌ ഓനിനിങ്ങനെ റോഡിലൂടെ വായിനോക്കി നടന്ന് പോകുന്നത്‌ കണ്ടിട്ടുണ്ട്‌. അക്സിലറേറ്റര്‍ പോട്ടാവുന്നത്രയും തിരിച്ച്‌ പിടിച്കു ഓനെ കണ്ട ഭാവം നടിക്കാതെ ഒന്ന് 'കിശ്‌ കിശ്‌' ഒച്ചയുണ്ടാക്കി ഒരു പോക്കായിരുന്നു അക്കാലത്ത്‌.എന്റെ മുന്‍ കാല പാപങ്ങള്‍ ലവന്‍ ഒാര്‍ക്കുന്നുണ്ടാവുമോ?.

ഹൊവ്‌ ആര്‍ യു മിസ്റ്റര്‍ ....(മൈ നെയിം). . ഐയാം ഫൈന്‍, റ്റൂ മച്ച്‌ ഫൈന്‍.ഒട്ടും മോശമാകരുതല്ലോ.ഞാന്‍ അറിയാവുന്ന ഇങ്ക്ലീഷില്‍ അടിച്ചുവിട്ടു.ഒരു എക്സിക്യൂട്ടീവിനു വേണ്ട ബോഡി ലാങ്ങ്വാജ്‌ കോഴ്സ്‌ ഇടക്ക്‌ വെച്ച്‌ നിര്‍ത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകള്‍ ഇടക്കിടെ ആക്ട്‌ ചെയ്യുന്നുണ്ടായിരുന്നു ഇദ്ധേഹം.അതിന്റെ ഭാഗമായി കണ്ണടയുടെ നടുമദ്ധ്യത്തില്‍ ഇടക്കിടെ വലത്തെ കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട്‌ മൃദുലമായി പുഷ്‌ ചെയ്തുകൊണ്ടിരുന്നു.ഞാനാണെങ്കില്‍ എന്റെ തനിമലയാളം, സോറി! തനിമലപ്പുറം സ്റ്റെയില്‍ മലയാളത്തില്‍ പരമാവധി എന്റെ മെമൊറിയിലെ ഇങ്ങ്ലീഷ്‌ ഡിക്ഷണറിയിലെ പദങ്ങള്‍ കേറ്റിക്കൊടുത്ത്‌ 'ടാ ഞാനും ചില്ലറക്കാരനല്ല' എന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും അവന്റെ മുന്‍പില്‍ ഞാന്‍ ഒരു ടോട്ടല്‍ പരാചയമാണെന്ന തിരിച്ചറിവ്‌ എന്നെ കൂടുതല്‍ വിയര്‍പ്പിച്ചു.

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. ഇനി ബുദ്ധിപൂര്‍വ്വം ഡീല്‍ ചെയ്യുക തന്നെ. ഞാന്‍ ഫുള്‍ കപ്പാസിറ്റിയില്‍ എന്റെ പുത്തി പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇവനെ എന്റെ വാസസ്ഥലത്ത്‌ കേറ്റാതെ ഒപ്പിക്കണം.ഓനവിടെ കേറിയാല്‍ എന്നെപ്പറ്റി അവന്റെ മനസിലുള്ള ഇമേജ്‌ ഇടിഞ്ഞ്‌ നിലം പരിശാകുമെന്നുറപ്പ്‌. ഞാനെന്റെ പോക്കറ്റിലേക്ക്‌ ഒന്നൂളിയിട്ട്‌ നോക്കി. കഷ്ടിച്ച്‌ രണ്ട്‌ മസാലദോശക്കുള്ള വക കാണും. ഈ കടുത്ത ചൂടില്‍ നിര്‍ത്തി അവനെയിങ്ങനെ ദ്രോഹിക്കുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഖ(!)നമാകും. കുറച്ച്‌ നടന്നാല്‍ ചെറിയൊരു പരിചയത്തിലുള്ളൊരാളുടെ കേരള സ്റ്റെയില്‍ ഫുട്‌ കിട്ടുന്നൊരു രസ്റ്റോരണ്ടുണ്ട്‌. അവിടെയാണെങ്കില്‍ കാശു തികഞ്ഞില്ലെങ്കില്‍ കടം പറയുകയും ചെയ്യാം.പക്ഷെ അങ്ങോട്ടുള്ള വഴിയില്‍ ഭീകരമായ ഒരു ഒബ്സ്റ്റാകുള്‍ ഉണ്ട്‌.ഒരു ബ.കു ഫാസ്റ്റ്‌ ഫുട്‌ ചൈയിനിന്റെ ഔട്‌ ലെറ്റ്‌.

എനിക്കാണെങ്കില്‍ ഈ മസാലദോശയും സമ്പാറും കാണുന്നതേ അലര്‍ജി. പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളീള്‍ വല്ലവനു പുല്ലും ആയുധം'(വല്ലഭന്‍ എന്നത്‌ എന്റെ കാര്യത്തില്‍ തീരെ യോജിക്കാത്തതായോണ്ട്‌ ഒഴിവാക്കിയതാണു) എന്ന പോലെ ഞാന്‍ മസാലദോശ ഒരു ആയുധമാക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ പതുക്കെ ഹോട്ടലിനു നേരെ നടത്തം ആരംഭിച്ചു. ഫാസ്റ്റ്‌ ഫുഡിനു മുന്‍പെത്താറായപ്പോള്‍ അവന്റെ ശ്രദ്ധ അങ്ങോട്ടെങ്ങാനും തിരിയാതിരിക്കാനായി ഞാന്‍ അവന്റെ അപ്പിയറന്‍സിനെപ്പറ്റി വാനോളം പുകഴ്ത്താന്‍ തുടങ്ങി.എന്റെ 'ആക്ക'ലില്‍ ഓനൊന്നുകൂടി വണ്ണം വെച്ചതല്ലതെ യാതൊരു കാര്യവുമുണ്ടായില്ല. എന്റെ ആ മാസത്തെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ, അതിന്റെ മുന്‍പിലെത്തിയതും സഡന്‍ ബ്രേക്കിട്ട പോലെ ഓന്‍ നിന്നു. അങ്ങോട്ട്‌ കേറാനാണു ഭാവം. ഞാന്‍ ഫാസ്റ്റ്‌ ഫുഡിന്റെ ദോഷങ്ങള്‍ ഒന്നൊന്നായി നിരത്താന്‍ തുടങ്ങി. 'ഇവരുടെ ഭക്ഷണത്തില്‍ മുഴുവന്‍ മോണോസോഡിയം ഗുള്‍ട്ടാമേറ്റാ'.എന്തു പറഞ്ഞിട്ടും കാര്യമില്ല.അവന്‍ നേരെ അങ്ങോട്ടു തന്നെ വലിഞ്ഞു കയറുകയാണു. അവന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ച്‌ മുന്‍പറഞ്ഞ റസ്റ്റോറന്റിലേക്ക്‌ കൊണ്ടുപോയാലോയെന്നുവരെ തോന്നിപ്പോയി.വല്ല സി ഐ ഡിമാരും കണ്ടാല്‍ ഉള്ളിലായാലോന്നൊരു പേടി. ഗള്‍ഫിലേ ഗോതമ്പുണ്ടക്കാണേങ്കില്‍ ഒട്ടും രുചിപോരാന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്‌.

ഓന്‍ കേറി കസേര പിടിച്ചു.അമേരിക്കക്കാരുടെ ചേരുവകളിട്ട്‌ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന മണം മൂക്കിലേക്കടിച്ചു കേറുകയാണു. 'ഐ ഡൊണ്ട്‌ ലൈക്‌ തിസ്‌ സ്മെല്‍'ഞാനൊരു ഹിമാലയന്‍ നുണ കാച്ചി.ആകെ അന്തിച്ച്‌ തുറിച്കിരുന്ന എന്റെ കണ്ണുകള്‍ അവിടുത്തെ ഒരു സപ്ലയ്ക്കാരി പിലിപിനോയുടെ മോന്തായത്തില്‍ ഉടക്കിനിന്നത്‌ സത്യമായിട്ടും മനപ്പൂര്‍വമായിരുന്നില്ല.അങ്ങനെയായിരുന്നെങ്കില്‍ അവളേക്കാല്‍ സുന്ദരികള്‍ അവിടെ വേറെ ഒരുപാടുണ്ടയിരുന്നുവല്ലോ തുറിച്ചുനോക്കാന്‍. അവള്‍ ഏതോ മുജ്ജന്മ പരിചയം പോലെ ഭവ്യതയോടെ എന്റടുത്തേക്ക്‌ തന്നെ വന്നു മെനുവുമായിട്ട്‌.ഞാന്‍ മെനുവില്‍ വല്ല റൈസ്‌ സൂപ്പും(കഞ്ഞി വെള്ളം)ഉണ്ടോന്ന് തിരയുകയായിരുന്നു.അവസാനം ഞാന്‍ അഞ്ചുദിര്‍ഹമില്‍ താഴെ വിലയുള്ള ഒരു സാധനം കണ്ടെത്തി, പേരു വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതിലേക്ക്‌ വിരല്‍ ചൂണ്ടി അത്‌ രണ്ട്‌ പ്ലേറ്റ്‌ പോരട്ടെയെന്നാഗ്യം കാണിച്ചു.അവളെന്തോ പിറുപിറുത്തു. മുഴുവനായി മനസിലായില്ലെങ്കിലും ഒരു കാര്യം വ്യക്തം. ഞാന്‍ ഒര്‍ഡര്‍ ചെയ്തത്‌ രാത്രിമെനുവിലെ ഏതോ ഐറ്റമായിരുന്നു.ഓന്‍ മെനു എന്റെ കയ്യില്‍നിന്നും തട്ടിപ്പറിച്ചു,വളരെ കൂളായിട്ട്‌ എന്തൊക്കെയോ ചടപടാന്ന് ഓര്‍ഡര്‍ കൊടുത്തു.ഇതിന്റെ ബില്ലൊക്കെ ആരു കൊടുക്കും? ഞാന്‍ കൊടുക്കുമോ, ഓന്‍ കൊടുക്കുമോ.ഫോര്‍മാലിറ്റിക്കെങ്കിലും വെറുക്കനെ ഒന്നെടുത്തുകാണിക്കാന്‍ പോക്കറ്റില്‍ അഞ്ചിന്റെ ഒരു മുഷിഞ്ഞ നോട്ടു മാത്രം.ഓനോട്‌ 'എക്സ്ക്യുസ്‌ മി' പറഞ്ഞ്‌ കുറച്ച്ങ്ങോട്ട്‌ മാറിനിന്നു തൊട്ടടുത്തു താമസിക്കുന്ന സുഹ്രുത്ത്‌ ബാബുവിനെ മൊബെയിലില്‍ വിളിച്ചു.അവനോട്‌ കുറച്ചു പണം പലിശക്കെടുത്തായാലും വേണ്ടീല്ല, സംഖ(!)ടിപ്പിച്ച്‌ പെട്ടെന്ന് ഈ ബില്‍ഡിങ്ങിന്റെ പിന്നില്‍ വരാന്‍ പറയാം .അങ്ങേത്തലക്കല്‍ പ്രായമായ ഒരു സ്ത്രീശബ്ദം.ഇത്‌ ബാബൂന്റെ ഉമ്മയല്ലേ? അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല ബാബൂന്റെ നാട്ടിലെ നമ്പറിലാണു അബദ്ധത്തില്‍ വിളിച്ചെതെന്നു തിരിച്ചറിയാന്‍. ഒരുമാസമായി മിസ്സ്‌ കാള്‍ അടിക്കാനായി നിധിപോലെ കൊണ്ടുനടന്നിരുന്ന മൊബെയിലിലെ 90 ഫില്‍സ്‌ അങ്ങനെ റ്റെലെഫോണ്‍ കമ്പനി നിര്‍ദാക്ഷിണ്ണ്യം അടിച്ചുമാറ്റി.ഇപ്പോള്‍ മൊബെയിലില്‍ സീറോ ബാലന്‍സ്‌.അപ്പോഴേക്കും ടേബിളില്‍ വിഭവങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.ഓന്‍ ഞാന്‍ വരാനായി കത്തിയും സ്പൂണും കയ്യില്‍ പിടിച്ച്‌ ഒരങ്കച്ചേകവന്‍ കണക്കെ കാത്തിരിക്കുകയായിരുന്നു.

ഞങ്ങള്‍ തീറ്റയാരംഭിച്ചു. 30 സെക്കന്റ്‌ കോണ്ട്‌ ഇതൊക്കെ അകത്താക്കാനുള്ള വെറി എനിക്കുണ്ടായിരുന്നെങ്കിലും ഞാന്‍ അത്മനിയന്ത്രണം പാലിച്ചു.അവസാനം ബില്ലു കൊടുക്കേണ്ട നിമിഷം വന്നെത്തി.പേ ചെയ്യേണ്ട കറക്റ്റ്‌ സമയം നോക്കി ഞാന്‍ ബാത്രൂം അന്വാഷണമാരംഭിച്ചു.തിരിച്ച്‌ വന്നു നോക്കുമ്പോഴേക്കും ബില്ലൊക്കെ പേ ചെയ്ത്‌ സുസ്മേരവദനനായി ഓന്‍ പുറത്ത്‌ നില്‍പുണ്ട്‌.ഏതായാലും കുറച്ച്‌ ടെന്‍ഷനടിച്ചെങ്കിലും നല്ലൊരു ബ്രേക്ക്‌ ഫാസ്റ്റ്‌ ഒത്തുകിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഒരു ലൈറ്റ്‌ പ്രഷര്‍ കൊടുത്ത്‌ ഓനെ 'വീട്ടി'ലേക്ക്‌ ഒന്ന് ക്ഷണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു മടിയും കൂടാതെ എന്റെ ക്ഷണം ഓന്‍ സ്വീകരിച്ചു. ലിഫ്റ്റുകളില്ലാത്ത ഞങ്ങളുടെ താമസസ്ഥലത്തേക്ക്‌ മൊത്തം മുപ്പത്‌ ചവിട്ടുപടികള്‍ കയറണമായിരുന്നു മൂന്നാം നിലയിലുള്ള എന്റെ വാസ സ്ഥലത്തെത്താന്‍. ഈ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞ്‌ ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഓന്‍ വരാന്‍ തന്നെ തീരുമാനിച്ചു.വാതില്‍ തുറന്ന് നിരന്ന് കിടക്കുന്ന ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയിലൂടെ ഞങ്ങള്‍ എന്റെ കൂടിനുള്ളിലേക്ക്‌ കയറി. ഞാനവനെ എന്റെ കട്ടിലില്‍ ആനയിച്ചിരുത്തി. മേലെയും ഒരു തട്ടുണ്ടായിരുന്നതിനാല്‍ അവന്‍ തലമുട്ടാതിരിക്കാന്‍ Z പോലെ ഇരുന്നു.സഹമുറിയന്മാരെ പരിചയപ്പെട്ടതിനു ശേഷം ഓന്റെ കമ്പനിയുടെ ആക്ടീവിറ്റീസിനെ പറ്റിയും അതില്‍ അവന്‍ വഹിക്കുന്ന പ്രധാന രോളിനെ പറ്റിയും, അര്‍ബാബിനു അവനോടുള്ള പ്രതിപത്തിയെ പറ്റിയും ഒരു നീണ്ട പ്രസംഗം തന്നെ തുടങ്ങി.ഇതെല്ലാം കേട്ട്‌ ഞാനും എന്റെ സഹമുറിയന്മാരും അന്തിച്ചിരുന്നു.

എന്റെ കോമ്പ്ലക്സ്‌ അതിന്റെ പാരമ്യതയിലേക്ക്‌ കുതിക്കുകയാണു.ഞാന്‍ കുലങ്കുഷമായി ചിന്തിക്കാന്‍ തുടങ്ങി. .അവസാനം അറ്റ കൈ പ്രയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഞങ്ങളുടെ കൂടെ വിസിറ്റ്‌ വിസയില്‍ വന്ന് ആറുമാസമായിട്ടും ജൊലിയൊന്നും തരപ്പെടാത്ത രണ്ടുപേരുണ്ടായിരുന്നു.അപ്പുറത്തെ റൂമുകളില്‍ സുഖനിദ്രയിലായിരുന്ന അവരെയൊക്കെ തട്ടിയുണര്‍ത്തി ലുങ്കിമുണ്ടും ബനിയനുമൊക്കെ ഇടീപ്പിച്ച്‌ സ്മാര്‍ട്ടാക്കി അവനവന്റെ സീ വി യുമായി നിയാസിനെ വന്നു കാണാന്‍ പറഞ്ഞു.വിവരമറിഞ്ഞ മറ്റുള്ളവര്‍ നാട്ടിലുള്ള മക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ പാസ്പോര്‍ട്ട്‌ കോപ്പികളുമായി നിയാസിനെ സമീപിക്കന്‍ തുടങ്ങി

.'സ്വന്തം കമ്പനിയിലെ കുറെയാളുകളെ പിരിച്ചു വിടേണ്ടിവരുമല്ലോ ഇവര്‍ക്കൊക്കെ ജോലി കൊടുക്കാന്‍' ഓന്‍ ഇങ്ങനെ ആത്മഗതം ചെയ്തുവോ? പന്തികേട്‌ മനസിലാക്കിയ എന്റെ സുഹ്രുത്ത്‌ വേഗം സ്ഥലം വിട്ടു. പിന്നെ കുറെ കാലം ഞാന്‍ അരെയും വിളിച്ച്‌ ശല്യം ചെയ്തില്ല.

9 comments:

 1. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു ഒഴിവ്‌ ദിവസം അവന്‍ വന്നു. അവനെ സ്വീകരിക്കാനായി ഞാന്‍ പുറത്തിറങ്ങി നിന്നു. കുറച്ച്‌ പഴയെതെങ്കിലും 20 വര്‍ഷം മുന്‍പ്‌ റോഡുകളുടെ രോമാഞ്ചമായിരുന്ന ഒരു കാറില്‍ അവന്‍ വന്നിറങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല. വണ്ടിയില്‍ നിന്നും പ്രൗഡമായ ചുവടുവെപ്പുകളോടെ ഒരാള്‍ ഇറങ്ങി വരുന്നു.

  ReplyDelete
 2. അത്യുഗ്രന്‍ സംഭവം...

  ReplyDelete
 3. സുന്ദരന്‍ അനുഭവം, സുന്ദരന്‍ ഭാഷ!

  -പ്രയാണം തുടരട്ടെ!അഭിനന്ദനങ്ങള്‍!!

  ReplyDelete
 4. ഹ ഹ ഹ

  പ്രയാണം. ഇതൊരു ഒന്നൊന്നര വിവരണമാണല്ലോ... കലക്കി.

  എനിക്കീ പോസ്റ്റ് ഇഷ്ടപ്പെടാനുള്ള കാ‍രണമെന്താണെന്ന് ഞാന്‍ പറയില്ല, ഊഹിക്കാമെങ്കില്‍ ഊഹിച്ചോളൂ... :^)

  ഇതേ ഈഗോയും വച്ചുകൊണ്ട് ഇരുന്നതിന്റെ ഫലമായി ഒരു ഒന്നുരണ്ട് വര്‍ഷങ്ങള്‍ ഞാന്‍ ഒരേ കമ്പനിയില്‍ തന്നെ ഞാന്‍ സ്റ്റക്കായി നിന്നുപോയിട്ടുണ്ട്. (നീണ്ട കഥയാണ്. പിന്നീട് പോസ്റ്റാക്കാം).

  പക്ഷേ, അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഒരു വലിയ പാഠം ഞാന്‍ പഠിച്ചു. ‘ചീപ്പ് ഈഗോയും വച്ചുകൊണ്ട് ഇരുന്നാല്‍ അവനവന് തന്നെയാണ് നഷ്ടം. ആ സമയത്ത് വേറേ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാം‘.

  ഒരിയ്ക്കല്‍ നമ്മുടെ പിന്നിലായിരുന്നവന്‍ ഇന്ന് നമ്മുടെ മുന്നില്‍ കയറിപ്പോകുന്നത് കണ്ട് ശങ്കിച്ച് നിന്നാല്‍ അവിടേ തന്നെ നിന്ന് പോകുകയേ ഉള്ളൂ. അതുകൊണ്ട് ഒട്ടും മടിയ്ക്കാതെ ഞാനും മുന്നോട്ട് നീങ്ങി :)

  രണ്ടാമത് വായിച്ചപ്പോള്‍ ഒരു സംശയം : ഇനി, ഈ കഥയിലെ ‘അവന്‍’ ശരിക്കും അത്രയും നല്ല പൊസിഷനിലായിരുന്നോ അതോ അവന്‍ പ്രയാണത്തെ ഒന്ന് ഞെട്ടിക്കാന്‍ വേണ്ടി വേഷം കെട്ടി വന്നതാണോ. പഴയ വാശി തീര്‍ക്കാന്‍ ഇമ്മാതിരി വേഷം കെട്ടെടുക്കുന്നവരെയും കണ്ടിട്ടുണ്ട്, അതുകൊണ്ട് ചോദിച്ചൂന്നേയുള്ളൂ.

  ****************

  അതൊക്കെ എന്തുമാവട്ടെ, പ്രയാണത്തിന്റെ എഴുത്തിലെ ഹ്യൂമര്‍ സെന്‍സും straightforwardness-ഉം ഇഷ്ടപ്പെട്ടു. (കൂടുതല്‍) നന്നായി എഴുതാന്‍ കഴിവും സഹൃദയത്വവും ഉണ്ട് താനും. ഇത്തരം അമളികള്‍ ഇനിയുമുണ്ടെങ്കില്‍ പോരട്ടെ

  ആശംസകള്‍


  സസ്നേഹം

  ReplyDelete
 5. പ്രയാണമേ..

  രസകരമായി എഴുതിയിരിക്കുന്നു പ്രിയനേ. പുഞ്ചിരിചിച്ചുകൊണ്ട് വായിച്ചു.

  ഒരുപാട് എഴുതാനുള്ള ഊര്‍ജ്ജവും റേയ്ഞ്ചും താല്പര്യവും കാണുന്നു.

  ആശംസകള്‍. കൂടുതല്‍ എഴുതുക.

  ReplyDelete
 6. zamooz:) ഷുക്കറന്‍ലില്‍ ഇത്തിസാലിക്കും
  കൈതമുള്ള്:)
  ഇങ്ങട്ടും വലിക്കാന്‍ പറ്റൂല അങ്ങോട്ടും വലിക്കാന്‍ പറ്റൂല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ഇതൊരു മുള്ളില്ലാത്ത കൈതമുള്ളാണെന്ന് തോന്നുന്നു. കമന്റിയതിനു നന്ദി
  ദിവാ :)
  ഈ പോസ്റ്റിനു ആദ്യം കിട്ടിയ മുട്ടായി ദിവാസ്വ്‌പ്നത്തിന്റേതായിരുന്നു. എഡിറ്റ് ചൈയ്ത് വീണ്ടും പോസ്റ്റിയപ്പോള്‍ അതു നഷ്ടപ്പെട്ടു.(എന്റെ വിവരക്കേടിനു കടപ്പാട്)

  ‘ഊഹിക്കാമെങ്കില്‍ ഊഹിച്ചോളൂ... :^)’
  ഒരു പിടുത്തവും കിട്ടണില്ല. ഒരു ക്ലൂ തരൂ. പ്ലീസ്!
  നല്ല ഈഗോ മാത്രം കഥകളാക്കുമ്പോള്‍ ചീപ്പ് ഈഗോ മനസില്‍ കിടന്ന് ചീഞ്ഞു നാറും.അതോണ്ടാണു ആദ്യം നെഗറ്റീവ് ഈഗോ ഒന്ന് തുറന്ന് വിടാമെന്ന് വെച്ചത്. ഈ സംഭവത്തില്‍ വില്ലന്‍ ആദ്യം സുഹ്രുത്തായിരുന്നു. പിന്നെയാലോചിച്ചപ്പോള്‍ സ്വന്തം ഈഗോയും ഇതില്‍ കൂട്ടു പ്രതിയാണെന്ന് മനസിലായി.

  വീണ്ടും കമന്റിയതിനു നന്ദി. നന്ദി

  വിശാല്‍ജീ :)
  ഡിയര്‍ വിശാല്‍ജീ :)
  എനിക്കു വാക്കുകളില്ല!
  വിശാല്‍ജിയെ വായിക്കും തോറും ആ റേയ്ഞ്ചിന്റെ അവസാനകോണില്‍ രണ്ടിഞ്ച് സ്ഥലം കിട്ടിയിരുന്നെങ്കില്‍ എന്നു വ്യാമോഹിച്ചു പോകുന്നു
  അലിഫ് ഷുക്രന്‍!
  (ഓ.ടോ ഇന്ന് വായിച്ചത് ‘സ്വയം വരവും‘’പെന്‍ഫ്രണ്ടും‘ ആ പേനയൊന്നു കടം തരാമോ?)

  ReplyDelete
 7. ഡിയര്‍ പ്രയാണം,

  ഇതു കലക്കി, സ്റ്റെയിലന്‍ ഭാഷ ഒരു ബഷീറിയന്‍ റ്റഛ്‌..അടിപൊളി..
  കീപ്‌ ഇറ്റ്‌ അപ്‌..

  ആശംസകള്‍...

  ReplyDelete
 8. abdullE.. kalakki ithelaam sthyamaaNO ?
  Abdullakkum കുടുംബാംഗങ്ങള്‍ക്കും
  സ്നേഹവും സന്തോഷവും
  കരുണയും ദയയും
  നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
  പുതുവത്സരാശംസകള്‍
  നേരുന്നു

  ReplyDelete
 9. ശ്രീമാന്‍ സ്മൈലി ആണ് എനിക്ക് ഈ കഥ പരിചപ്പെടുത്തി തന്നത്...
  വളരെ നന്നായി...നല്ല രസകരമായ ആവിഷ്കാരം...
  സത്യത്തില്‍ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതൊക്കെ തന്നെ...
  നല്ല ഭാഷ .....ഇനിയും വരട്ടെ...കിടിലന്‍ പോസ്റ്റുകള്‍...

  ReplyDelete